നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ സംഘടനാതലത്തില്‍ നടപടി ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം സംഘടന നടപടി മതി എന്ന നിലപാടാണ് സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ എത്തിയതിനെതിരെ സ്റ്റാഫ് കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. എഡിഎമ്മിനുള്ള യാത്രയയപ്പിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും, പരിപാടി സംഘടിപ്പിച്ചത് തങ്ങളാണെന്നും സ്റ്റാഫ് കൗണ്‍സില്‍ വെളിപ്പെടുത്തി.
എന്നാൽ സ്റ്റാഫ് കൗൺസിലിനോട് ചോദിച്ചാൽ ഇതിനുള്ള വ്യക്തമായ ഉത്തരം ലഭിക്കുമെന്നും , നവീന്‍ ബാബുവിനുള്ള യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണെന്നും കണ്ണൂര്‍ കളക്ടര്‍ ഈ കാര്യത്തിൽ പ്രതികരിച്ചത്. പിന്നാലെയാണ് തങ്ങളുടെ ഭാഗം സ്റ്റാഫ് കൗണ്‍സില്‍ വിശദീകരിച്ചത്.
അതേസമയം ഇപ്പോൾ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്ക് അന്വേഷണത്തിനുള്ള ചുമതല കൈമാറിയത്. നേരത്തെ കണ്ണൂര്‍ കളക്ടര്‍ക്കായിരുന്നുഈ അന്വേഷണ ചുമതല.



