നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് സാധ്യത ഇല്ലാതാക്കാനായി പ്രതിയായ പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നൊരു തീരുമാനം ഉണ്ടായേക്കും. ദിവ്യയെ സംബന്ധിച്ചു ഇന്ന് അതി നിർണായകമാണ് കോടതിയുടെ ഇടപെടൽ. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിക്കുക. കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് റിപ്പോർട്ട്.മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യ പറയുന്നത് അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും, എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ്.
യാത്രയയപ്പ് വേദിയിലെ പ്രസംഗത്തിന്റെ വീഡിയോ സഹിതം സമർപ്പിച്ചുകൊണ്ടാണ് ദിവ്യ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. കൂടാതെ തന്നെ കളക്ടർ വിളിച്ചിട്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നും പറയുന്നുണ്ട്.
അതേസമയം നവീൻ ബാബുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാൻ ദിവ്യയെ പ്രകോപിപ്പിച്ചതിന് പിന്നിൽ പെട്രോൾ പമ്പ് വിഷയത്തിലെ സി പി ഐ ഇടപെടലും കാരണമായെന്ന ചില സൂചനകളും എത്തിയിട്ടുണ്ട് . സി പി ഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് എൻ ഒ സി കിട്ടിയതെന്നും, ഇതിനായി കുറച്ചു പണം ചെലവിടേണ്ടി വന്നെന്നും താൻ ദിവ്യയെ അറിയിച്ചുയെന്നും അപേക്ഷകനായ പ്രശാന്ത് വിജിലൻസിനും, ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർക്കും മൊഴി നൽകിയിട്ടുണ്ട്.



