മുനമ്പം ഭൂമി തർക്കത്തിൽ സമവായ നിർദേശവുമായി സർക്കാർ. ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും.അന്തിമ തീരുമാനം നാളെ വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ഉണ്ടാകും. ഇതൊനോടൊപ്പം ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിന് എതിരെ ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യവും സർക്കാർ പരിഗണിക്കും.
അതേസമയം മുനമ്പത്ത് നിന്ന് ആരെയും കുടി ഇറക്കില്ലെന്ന് സർക്കാർ വീണ്ടും ഉറപ്പ് നൽകുകയാണ്. വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങൾക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്. മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ കൊച്ചിയിലെത്തി ലത്തീൻ സഭാ മെത്രാൻ സമിതിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വിഷയത്തിൽ സമവായ നീക്കവുമായാണ് മുസ്ലീം ലീഗ് നേതാക്കള്‍ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തിയത്. മുനമ്പം തർക്കത്തിലെ സാങ്കേതിക പ്രശ്നങ്ങൾ സർക്കാർ വേഗം അഴിക്കണമെന്ന് ലീഗ് നേതാക്കൾ ആവശ്യപെടുകയും ചെയ്യ്തു.
എന്നാൽ മുനമ്പം വഖഫ് ഭൂമി കേസ് നാളെ വഖഫ് ട്രൈബ്യൂണല്‍ പരിഗണിക്കും. ഫറൂക്ക് കോളേജ് മാനേജ്മെന്‍റ് അസോസിയേഷന്‍ നല്‍കിയ അപ്പീലാണ് കോഴിക്കോട് ആസ്ഥനമായ ട്രിബ്യൂണല്‍ പരിഗണിക്കുക.