എം ആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്‌ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. ഈ അന്വേഷണ൦ നടത്തിയത് തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ് പി യാണ്. വ്യക്തത ആവശ്യമായ കാര്യങ്ങൾ ചൂണ്ടികാട്ടി റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടർ മടക്കി അയച്ചു. കൂടാതെ കൂടുതൽ അന്വേഷണം നടത്തി നേരിട്ട് ഫയലുമായി ചർച്ചക്ക് വരാനും ഡയറക്ടർ നിർദ്ദേശം നൽകി.

അജിത്കുമാറിനെതിരെ പി വി അൻവർ 4 ആരോപണങ്ങൾ നടത്തി
എ ഡി ജി പി അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം തന്നെ ഉണ്ടാകാൻ കാരണം,എംആർ അജിത്കുമാറിനെതിരെ 4 ആരോപണങ്ങളാണ് പിവി അൻവർ എംഎൽഎ ഉന്നയിച്ചത്, അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ് പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും, ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം. എന്നാൽ ആരോപണം പൂർണ്ണമായും തെറ്റായിരുന്നു എന്നായിരുന്നു വിജിലൻസ് കണ്ടെത്തിയിരുന്നത്.
അജിത് കുമാറിനെതിരെ വിജിലൻസ് കൊടുത്ത ക്ലീൻ ചിറ്റ് മടക്കി ഡയറക്ടർ
എന്നാൽ അൻവറിന്റെ രണ്ടാമത്തെ ആരോപണം, കവടിയാറിലെ ആഡംബര വീട് പണിതത്തിൽ ക്രമക്കേട് എന്നതായിരുന്നു. വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്‌പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ.കൂടാതെ വീട് നിർമാണം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി. ഇനിയും മൂന്നാമത്തെ ആരോപണം ,കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ അജിത്കുമാർ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു. കരാർ ആയി എട്ടു വർഷത്തിന് ശേഷമാണു ഫ്ലാറ്റ് വിറ്റത് എന്നും സ്വാഭാവിക വിലവർധനയാണ് ഫ്ളാറ്റിന് ഉണ്ടായതെന്നുമാണ് വിജിലൻസ് കണ്ടെത്തിയത്.
മലപ്പുറം എസ് പി യുടെ ക്യാംപ് ഓഫീസിലെ മരംമുറിയിൽ അജിത് കുമാറിന് പങ്കുണ്ട് എന്നായിരുന്നു അവസാനമായുള്ള നാലാമത്തെ ആരോപണം. എന്നാൽ ഇതിൽ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. വിജിലൻസിന്റെ ഈ ക്ലീൻ ചിറ്റാണ് ഇപ്പോൾ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്‌ത മടക്കിയിരിക്കുന്നത്.



