കഷായത്തിൽ കീടനാശിനി കൊടുത്തു ആൺസുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്നു തെളിഞ്ഞു. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാ വിധി നാളെയുണ്ടാകും. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്.
അമ്മയ്‌ക്കും അമ്മാവാനുമെതിരെ തെളിവ് നശിപ്പിച്ച വകുപ്പുകളാണ് ചുമത്തിയിരുന്നത്. രണ്ടാം പ്രതി സിന്ധു തെളിവ് നശിപ്പിച്ചെന്ന് തെളിക്കാൻ സാധിച്ചില്ല. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മൂന്നാം പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. 2022 ഒക്ടോബർ 14-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഷാരോണുമായി ഇഷ്ട്ടത്തിലായിരുന്നു ഗ്രീഷ്മ. സൈനികനുമായി വിവാഹം നിശ്ചയിച്ചതോടെ ഷാരോൺ തടസമാകുമെന്ന് തോന്നിയതിനാൽ ഒഴിവാക്കാനായി വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു.

‘പരമാവധി ശിക്ഷ തന്നെ കൊടുക്കണം’ നിറകണ്ണുകളോടെ ഷാരോണിന്റെ അമ്മ പ്രതികരിച്ചു.
അമ്മയും കുറ്റക്കാരിയല്ലേ, എന്തിനാണ് അവരെ വെറുതെവിട്ടത്, എൻറെ പൊന്നു ജീവനെയാണ് അവൾ കൊന്നത്.
ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ട്. പക്ഷെ ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ വെറുതേവിട്ടതിൽ വിഷമമുണ്ട്. അമ്മയ്ക്കും ഇതിൽ പങ്കുണ്ട്. ഗ്രീഷ്മയുടെ അമ്മയെ വെറുതേവിട്ടതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്നും ഷാരോണിൻറെ അമ്മ പ്രതികരിച്ചു.



