മലപ്പുറത്ത് നിറത്തിൻ്റെ പേരിൽ അവഹേളിച്ചതിൽ മനംനൊന്ത് നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അബ്ദുൾവാഹിദ് അറസ്റ്റിൽ. വിദേശത്ത് നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞും കുറ്റപ്പെടുത്തിയതായും കുടുംബം പറഞ്ഞിരുന്നു.
ആത്മഹത്യാ പ്രേരണ, മാനസിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്
2024 മേയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് ഭാര്യയുടെ നിറം പ്രശ്നമാണെന്ന് അബ്ദുൽ വാഹിദ് വിളിച്ച് പറഞ്ഞതെന്ന് ഷഹാനയുടെ ബന്ധു വെളിപ്പെടുത്തിയിരുന്നു. വിവാഹ ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെ പെൺകുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെൺകുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നു. ജനുവരി 14നാണ് ഷഹാനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.



