കൊൽക്കത്തയിൽ യുവഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. സിയാൽദാ കോടതിയുടെതാണ് വിധി. കൊൽക്കത്തയിലെ സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. സർക്കാർ ഇരയുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. എന്നാൽ നഷ്ടപരിഹാരം ആവശ്യമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പ്രതികരിച്ചു.
ആശുപത്രിയിലെ ആളൊഴിഞ്ഞ മുറിക്കുള്ളിൽ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി വനിതാ ഡോക്ടറെ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ ഏക പ്രതിയാണ് സഞ്ജയ് റോയ്. ജീവപര്യന്തം വിധിച്ച കോടതി, പ്രതി ജീവതാന്ത്യം വരെ ജയിലിൽ തുടരണമെന്ന് ഉത്തരവിട്ടു. 50,000 രൂപ പിഴയൊടുക്കണമെന്നും നിർദേശമുണ്ട്. നിർഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. വെള്ളിയാഴ്ചയാണ് സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.
2024 ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഡോക്ടർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

2024 ഓഗസ്റ്റ് ഒമ്പതിന് 31-കാരിയായ ഡോക്ടറെ ആശുപത്രിയുടെ സെമിനാർ മുറിയിൽ നിന്നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടർന്ന് സെമിനാർ ഹാളിൽ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.



