നാടിനെ ഞെട്ടിച്ച പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മൽ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

ഷാരോണ്‍ രാജ് വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു
ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട് പ്രായത്തിന്‍റെ ഇളവ് നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് അതിസമര്‍ഥമായി കേസ് അന്വേഷിച്ചുവെന്ന് കോടതി അഭിനന്ദിച്ചു. മാറിയ കാലത്തിന് അനുസരിച്ച് അന്വേഷണം നടത്തിയെന്നും ഒരു ഉദ്യോഗസ്ഥന്‍റെയും പേരെടുത്ത് പറയുന്നില്ല എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും കോടതി പറഞ്ഞു. വിധി പ്രസ്താവം കേട്ട് ഷാരോണിന്റെ മാതാപിതാക്കള്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് തൊഴുകൈയോടെ കോടതിക്ക് നന്ദി അറിയിച്ചു.
2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. ഒക്ടോബർ 25 ന് മരണം സംഭവിച്ചു. ഷാരോണും ഗ്രീഷ്മയും നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കുകയായിരുന്നു. ഷാരോണ്‍ മരിച്ച് രണ്ട് വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞിരിക്കുന്നത്.



