ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാമൂഴം; അമേരിക്കൻ പ്രസിഡൻ്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡ‍ോണാള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് ചടങ്ങുകള്‍ നടക്കുക. കടുത്ത ശൈത്യകാലാവസ്ഥ പ്രവചിച്ചിരിക്കുന്നതിനാല്‍ ക്യാപിറ്റോളിലെ റോട്ടന്‍ഡ ഹാളിലാകും…

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡ‍ോണാള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് ചടങ്ങുകള്‍ നടക്കുക. കടുത്ത ശൈത്യകാലാവസ്ഥ പ്രവചിച്ചിരിക്കുന്നതിനാല്‍ ക്യാപിറ്റോളിലെ റോട്ടന്‍ഡ ഹാളിലാകും സത്യപ്രതിജ്ഞ നടക്കുക. ട്രംപിനൊപ്പം, വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാൻസും സത്യപ്രതിജ്ഞ ചെയ്യും. ശേഷം ഉദ്‌ഘാടന പ്രസംഗം നടത്തും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍, സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക് ഒബാമ, ഹിലരി ക്ലിന്‍ണ്‍, അർജൻ്റീനയുടെ പ്രസിഡൻ്റ് ഹാവിയർ മിലി, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നൊബോവ, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങ്,  ഇലോണ്‍ മസ്‌ക്, മെറ്റ സിഇഒ മാര്‍ക് സക്കര്‍ബെര്‍ഗ്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

എഴുപത്തിയെട്ടുകാരന്‍ ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ പ്രസിഡന്റ് കസേരില്‍ ഇത് രണ്ടാമൂഴമാണ്

2017 മുതല്‍ 2021 വരെയായിരുന്നു ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവ്.  വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ടിക്ടോക് നിരോധനം, യുക്രെയ്ന്‍ യുദ്ധം എന്നീ വിഷയങ്ങളിലടക്കം ട്രംപിന്റെ ആദ്യ ഉത്തരവുകള്‍ എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം. ട്രംപ് അനുകൂലികള്‍‍ക്കായി കാപ്പിറ്റോളിന് പുറത്ത് പ്രത്യേക സ്ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കും. സത്യപ്രതിജ്ഞയ്ക്ക് ട്രംപ് ലിങ്കണ്‍ ബൈബിളും അമ്മ സമ്മാനിച്ച ബൈബിളും ഉപയോഗിക്കും. അധികാരമേറ്റാല്‍ നൂറോളം എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഒപ്പിടുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനമായ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടിക്ക് ട്രംപിന്റെ ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ.

 

Leave a Reply