ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷെരിഫുൾ ഇസ്ലാം മുൻപും മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. മുൻപ് വോർളിയിലെ പബിൽ ജോലി ചെയ്യുമ്പോൾ പ്രതി ഡയമണ്ട് റിംഗ് മോഷ്ടിച്ചിരുന്നു. മോഷണം പിടിക്കപ്പെട്ടതിന് പിന്നാലെ ഷെരിഫുൾ ഇസ്ലാമിനെ പബ് അധികൃതർ ജോലിയിൽ നിന്ന് പറഞ്ഞു വിടുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മോഷണം നടത്തിയത്.

അതേ സമയം വീട്ടിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ കുത്തിപരിക്കേൽപ്പിച്ച സംഭവം പുനരാവിഷ്കരിക്കാൻ ഒരുങ്ങി മുംബൈ പൊലീസ് രംഗത്തെത്തി
പ്രതി ഷരീഫുൾ ഇസ്‌ലാം, സെയ്ഫ് അലിഖാൻ്റെ വസതിയിൽ കയറിയത് അടക്കമുള്ള കാര്യങ്ങൾ പുനരാവിഷ്കരിക്കും. ഇപ്പോൾ ബാന്ദ്ര പൊലീസ് സ്‌റ്റേഷനിലാണ് പ്രതി. സെയ്ഫ് അലി ഖാൻ താമസിക്കുന്ന 13 നില കെട്ടിടത്തിൽ 8 നില വരെ സ്റ്റെപ്പ് കയറിയ പ്രതി തുടർന്ന് 11–ാം നിലയിലേക്ക് പൈപ്പിലൂടെയാണ് നുഴഞ്ഞുകയറിയത്. പിന്നീട് ഇതുവഴി നടന്റെ വീട്ടിലെ കുളിമുറിയിലേക്കും തുടർന്നു മകന്റെ കിടപ്പുമുറിയിലേക്കും പ്രവേശിക്കുകയായിരുന്നു.
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് കഴിഞ്ഞ ദിവസം പ്രതിയായ മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്‌സാദ് അറസ്റ്റിലാകുന്നത്. വ്യാജ ഐ ഡി കാർഡായിരുന്നു ഇയാളിൽ നിന്നും പോലീസ് കണ്ടെത്തിയത്. മുഹമ്മദ് ഷെരീഫുൾ ബംഗ്ലാദേശിയാണെന്നും അഞ്ചാറ് മാസം മുൻപാണ് മുംബൈയിലെത്തിയതെന്നുമാണ് പോലീസ് അവകാശപ്പെട്ടത്.



