ബിജെപിയും ഡല്‍ഹി പൊലീസും അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി. ഈ രണ്ട് വിഭാഗവും കെജ്‌രിവാളിന്റെ ജീവന്‍ അവസാനിപ്പിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. പഞ്ചാബ് പൊലീസ് കെജ്രിവാളിന് നല്‍കിയ സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി അതിഷി പറഞ്ഞു.

ഒന്നിന് പിറകേ ഒന്നായി കെജ്‌രിവാളിനെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും അതിഷി പറഞ്ഞു
ഡല്‍ഹി പൊലീസിന്റെ കണ്‍മുന്നില്‍ വച്ചാണ് ഒക്ടോബര്‍ 24ന് വികാസ്പുരിയില്‍ വച്ച് കെജ്‌രിവാള്‍ ആക്രമിക്കപ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഞങ്ങളുടെ അന്വേഷണത്തില്‍ ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞിരുന്നു. നവംബര്‍ 30ന് മാള്‍വിയ നഗറില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവേ അദ്ദേഹം വീണ്ടും ആക്രമിക്കപ്പെട്ടു. അദ്ദേഹത്തെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി എന്നും അതിഷി വ്യക്തമാക്കി.ആക്രമണം തടയാനോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനോ ഡല്‍ഹി പൊലീസ് ഒന്നും ചെയ്തില്ലെന്നും ബിജെപിയുമായുള്ള കൂട്ടുകെട്ട് കാരണമാണിതെന്നും അതിഷി ആരോപിച്ചു.



