നെൻമാറ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് പൊലീസിൻെറ പിടിയിലായത്. ജനരോഷം ശക്തമായതോടെ പ്രതിയെ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി. നെന്മാറ സ്റ്റേഷനിൽ നിന്ന് പുലർച്ചെയാണ് ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റിയത്.
ഒട്ടും കുറ്റബോധമില്ലാത്ത ഭാവത്തിലായിരുന്നു ചെന്താമര. 5 പേരെയാണു താൻ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ 2 പേരെ മാത്രമേ കൊലപ്പെടുത്താൻ സാധിച്ചുള്ളൂന്ന് പ്രതി പൊലീസിന് മൊഴി നൽകിയതായാണ് വിവരം.

പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ മട്ടായി മേഖലയിൽ നിന്ന് ഇന്നലെ രാത്രി ഏറെ വൈകിയാണ് ഇയാൾ പിടിയിലായത്. പ്രതിയെ പിടിക്കാൻ മട്ടായി മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും സാധിച്ചില്ല. പൊലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തിൽ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം ആയിരുന്നു. ശേഷം പോത്തുണ്ടി മലയിൽ നിന്നുള്ള വഴികളിൽ പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടൻ ഇയാൾ പൊലീസിൻ്റെ വലയിലാവുകയായിരുന്നു.
പോത്തുണ്ടി മലയിൽ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് പ്രതിയുടെ വീടിൻ്റെ പിൻവശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാൾ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിക്ക് നേരെ നാട്ടുകാർ പ്രകോപിതരായി അടുത്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് ജനത്തെ നിയന്ത്രിച്ചത്.



