കേന്ദ്ര ബജറ്റ് 2025 ൻ്റെ പ്രഖ്യാപനങ്ങളിൽ പ്രതികരിച്ച് കെ മുരളീധരൻ. കേരളത്തിന്‍റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബഡ്ജറ്റാണിത്. കേരളത്തിന് അർഹമായ ഒരു സഹായവും ബജറ്റിൽ ലഭിച്ചിട്ടില്ല. പ്രഖ്യാപനങ്ങളിൽ ഒന്നിൽ പോലും കേരളത്തിൻ്റെ പേരുണ്ടായിരുന്നില്ല. ബിജെപിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു എംപി യെ കേരളത്തിൽ നിന്ന് അയച്ചത്. എന്നിട്ടും ഒരു പരിഗണനയും നൽകിയിട്ടില്ല. പൂജ്യം അംഗങ്ങളുണ്ടായിരുന്ന അതേ മനോഭാവം തന്നെയാണിപ്പോഴുമെന്നും മുരളീധരൻ പറഞ്ഞു.

മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഒരു പദ്ധതി പോലും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബീഹാറിന് വാരിക്കോരി പദ്ധതികൾ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബഡ്ജറ്റ് ആണിത്. ഇതുവരെ അവതരിപ്പിച്ച എട്ട് ബജറ്റിലും ഇന്ത്യയുടെ യാഥാർത്ഥ്യം മനസ്സിലാക്കി ബജറ്റ് അവതരിപ്പിക്കാൻ നിർമല സീതാരാമന് കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ ജനങ്ങളെ പല തട്ടിലായാണ് സർക്കാർ കാണുന്നത്. ഇത് ഉണ്ടാവാതെ ബജറ്റിൽ പറയുന്നത് പോലെ ദാരിദ്ര നിർമാജ്ജനം ഉണ്ടാവില്ലായെന്നും അദ്ദേഹം കൂട്ടി ചേർത്തു.



