മിഹിറിൻറെ ആത്മഹത്യ; സ്കൂളിൽ നിന്നും നേരിടേണ്ടി വന്നത് കനത്ത മാനസികപീഡനം, വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ കൊച്ചിയിലെ ജെംസ് മോഡേൺ അക്കാദമി വൈസ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ബിനു അസീസിനെ പ്രത്യേക അന്വേഷണ…

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ കൊച്ചിയിലെ ജെംസ് മോഡേൺ അക്കാദമി വൈസ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ബിനു അസീസിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസന്വേഷണം നടത്തുന്ന ഹില്‍പാലസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ എല്‍ യേശുദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വൈസ് പ്രിന്‍സിപ്പലിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. മിഹിര്‍ മുന്‍പ് പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലില്‍ നിന്ന് മിഹിറിന് മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നുവെന്ന് അമ്മ മുഖ്യമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മിഹിര്‍ മുന്‍പ് പഠിച്ച സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എംബിഎക്കാരനാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇദ്ദേഹം സ്‌കൂള്‍ കുട്ടികളെ എന്ത് പഠിപ്പിക്കുന്നു എന്നതിനൊന്നും വ്യക്തമായ ഉത്തരം പൊലീസിന് ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇനിയും വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

കഴിഞ്ഞ  മാസം 15നാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ഫ്ലാറ്റിന്റെ 26-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ചോറ്റാനിക്കര തിരുവാണിയൂരുള്ള ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു മിഹിർ. മകൻ സ്കൂളിൽ നിന്നും  ക്രൂരമായ റാഗിങ്ങിന് ഇരയായതായി അമ്മ റജ്‌നാ പറഞ്ഞു. മകനെ കൊണ്ട് വാഷ്‌റൂമിൽ കൊണ്ടുപോയി ക്ലോസറ്റ് നക്കിച്ചു. മുഖം പൂഴ്‌ത്തിവച്ച് ഫ്ലഷ് അമർത്തി. തുടർന്നുണ്ടായ മാനസിക ശാരീരിക പീഡനം സഹിക്കവയ്യാതെയാണ് മിഹിർ ജീവനൊടുക്കിയതെന്ന് മാതാവ് റജ്നയുടെ പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് മാതാവ് സമൂഹ മാദ്ധ്യമങ്ങളിലും കുറിപ്പ് പങ്കുവെച്ചിട്ടുണ്ടാരുന്നു.

Leave a Reply