ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമര്‍ശം. ഗാസ ഞങ്ങൾ കൈവശപ്പെടുത്താൻ പോവുകയാണ്. ഞങ്ങൾ അത് വിലക്കുവാങ്ങും എന്നാൽ വിലക്ക് വാങ്ങാനൊന്നും അതില്ല. ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂർണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല ട്രംപ് പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെ ആളുകള്‍ക്കുവേണ്ടി ഗാസയില്‍ ധാരാളം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 22 ലക്ഷം പലസ്തീനികളെ സമീപ രാഷ്ട്രങ്ങളിലേക്ക് മാറ്റിയ ശേഷം ഗാസ സ്വന്തമാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. കുറച്ചു പലസ്തീൻകാരെ അമേരിക്ക സ്വീകരിക്കാൻ ഒരുക്കമാണ്. എന്നാൽ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കും. ഗാസ യുഎസ് ഏറ്റെടുത്ത് അവിടെ ഉല്ലാസകേന്ദ്രം നിർമിക്കുമെന്ന് അധികാരമേറ്റതിനുപിന്നാലെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ അറബ് രാജ്യങ്ങളും യൂറോപ്പ് രാജ്യങ്ങളും രാജ്യാന്തര പ്രതിക്ഷേതം നടത്തിയിരുന്നു.

ഒരുകൊല്ലത്തിലധികമായി നടന്നുവരുന്ന യുദ്ധത്തെ തുടര്‍ന്ന് അതിദാരുണമായ ജീവിതമാണ് പലസ്തീനികള്‍ നയിക്കുന്നതെന്നും അതിനാല്‍ ഗാസ വിടുന്നതില്‍ പലസ്തീനികള്‍ക്ക് സന്തോഷമേ ഉള്ളൂവെന്നും ട്രംപ് പറഞ്ഞു. അവിടുത്തെ അവസ്ഥ ഭീകരമാണ്. ലോകത്ത് വേറെ ഒരിടത്തും ഇതുപോലെ ദുരിതമനുഭവിക്കുന്നവർ കാണില്ല. തകർന്ന് വീഴാൻ പോകുന്ന കെട്ടിടങ്ങൾക്കിടയിലാണ് അവർ കഴിയുന്നത് ട്രംപ് പറഞ്ഞു.



