അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവച്ചു. അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ്. ഐസിസി ഉദ്യോഗസ്ഥരെ അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കുന്നത് ഉൾപ്പെടെയുള്ള ഉപരോധങ്ങൾ ഏര്‍പ്പെടുത്തിയാണ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചത്. സഖ്യകക്ഷിയായ ഇസ്രയേലിനെയും അമേരിക്കയേയും ഐസിസി വേട്ടയാടുന്നുവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുർവിനിയോഗം നടത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്. അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളിൽ കോടതി ഏർപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നുണ്ട്. നെതന്യാഹു വൈറ്റ് ഹൗസ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ നടപടി. അതേസമയം യു എസ് നീക്കത്തില്‍ ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
125 അംഗരാജ്യങ്ങളെ ഉൾക്കൊള്ളുന്ന ഐസിസി, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ, അംഗരാജ്യങ്ങൾക്കോ അവരുടെ പൗരന്മാർക്കോ എതിരായ ആക്രമണം എന്നിവയ്ക്ക് വ്യക്തികളെ വിചാരണ ചെയ്യുന്ന ഒരു കോടതിയാണ് അന്താരാഷ്‌ട്ര ക്രിമിനൽ കോടതി.