അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ 2025 ഈ ലോക്‌സഭ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. ഇത് പ്രകാരം മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യും. ഫോറിനേഴ്‌സ് ആക്ട് 1946, പാസ്‌പോര്‍ട്ട് ആക്ട് 1920, രജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, ഇമിഗ്രേഷന്‍ ആക്ട് 2000 എന്നിവയ്ക്ക് പകരമായാണ് പുതിയ ബില്‍ ഒരുങ്ങുന്നത്. നിലവില്‍ ഇന്ത്യയില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി പ്രവേശിച്ചാല്‍ 50,000 രൂപ പിഴയും എട്ടുവര്‍ഷം വരെ തടവുമാണ് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷ.
പുതിയ ബില്‍ പ്രകാരം പാസ്‌പോര്‍ട്ടോ വിസയോ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. വ്യാജ പാസ്‌പോര്‍ട്ടിന് ശിക്ഷാപരിധി രണ്ടുവര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമാക്കി ഉയര്‍ത്തിയേക്കും. ഒന്നു മുതല്‍ പത്തുലക്ഷം രൂപ വരെയായിരിക്കും ഇവര്‍ക്ക് ലഭിക്കുന്ന പിഴ. ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ – 2025, എന്ന പേരിലുള്ള ബില്ല്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും എന്നാണ് സൂചന. വിദേശികളെ നാടുകടത്താനുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അധികാരം ബില്ലില്‍ വ്യക്തമാക്കും.



