കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
മകന് സർക്കാർ ജോലി നൽകും. വീടുനിർമ്മിച്ചു നൽകാനും തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് വീട് വെച്ച് നൽകാൻ നാഷണൽ സർവീസ് സ്കീം തീരുമാനിച്ചിരുന്നു.
ബിന്ദുവിന്റെ മകൻ നവനീതിന് ദേവസ്വം ബോർഡിലാണ് ജോലി നൽകുക. തിരുവിതാംകൂർ ദേവസ്വംബോർഡിന് മന്ത്രിസഭ ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് കുടുംബത്തിനുള്ള സാമ്പത്തിക സഹായം നൽകുക.
ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ വാർഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകൾക്ക് കൂട്ടിരിക്കാനായി ആശുപത്രിയിൽ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു.
ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാർഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ രണ്ട് പേർക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു.
അതേസമയം, ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മൻ എംഎൽഎ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്.
ചാണ്ടി ഉമ്മൻ ഫൗണ്ടേഷന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ആണ് പണം നൽകിയത്. ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമയും രംഗത്തെത്തിയിരുന്നു.



