റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ ഡയറക്ടർ ജനറലായി മുതിർന്ന ഐപിഎസ് ഓഫീസർ സോണാലി മിശ്രയെ നിയമിക്കുന്നതിന് മന്ത്രിസഭയുടെ നിയമന സമിതി ഔദ്യോഗികമായി അംഗീകാരം നൽകി. പേഴ്‌സണൽ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2026 ഒക്ടോബർ 31 ന് വിരമിക്കുന്നതുവരെ സോണാലി ഈ സ്ഥാനത്ത് സേവനമനുഷ്ഠിക്കും.
റെയിൽവേ സ്വത്തുക്കളുടെയും യാത്രക്കാരുടെയും സുരക്ഷ ഉൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ആർപിഎഫിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയായിരിക്കും സോണാലി മിശ്രയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂലൈ 31 ന് വിരമിക്കുന്ന നിലവിലെ മനോജ് യാദവയുടെ ഒഴിവിലാണ് സോണാലി ഈ സ്ഥാനം ഏറ്റെടുക്കുന്നത്. മധ്യപ്രദേശ് കേഡറിൽ നിന്നുള്ള 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് സോണാലി മിശ്ര.
നിലവിൽ മധ്യപ്രദേശ് പോലീസിൽ അഡീഷണൽ ഡയറക്ടർ ജനറലായി ഇവർ സേവനമനുഷ്ഠിക്കുകയാണ്. ഇന്ത്യൻ പോലീസ് സർവീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച സോണാലി നിരവധി സ്ഥാനങ്ങൾ വഹിച്ചതിനൊപ്പം തന്നെ പല അംഗീകാരങ്ങൾക്കും അർഹയായിട്ടുണ്ട്. കൂടാതെ 2021 ൽ പഞ്ചാബിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) രൂപീകരണത്തിന് നേതൃത്വം നൽകിയ ആദ്യത്തെ വനിതാ കമാൻഡർ കൂടിയായിരുന്നു ഇവർ.



