ചുവപ്പിന്റെ കരുത്തും സമരയൗവനുമായി നിറഞ്ഞുനിന്ന വിപ്ലവത്തിന്റെ കെടാത്തിരി; വിഎസ്സിന് വിട

കേരളം നെഞ്ചേറ്റിയ ജനകീയ നേതാവ് വിഎസ്സ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസ്സായിരുന്നു. വിഎസിന്റെ മരണത്തോടെ, സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരുന്ന അവസാനത്തെയാളും ഓർമയായി. പോരാട്ടത്തിന്റെ മറുപേരായ വിഎസ് എന്നും സാധാരണക്കാരുടെ പ്രിയ സഖാവായിരുന്നു. കഴിഞ്ഞ…

കേരളം നെഞ്ചേറ്റിയ ജനകീയ നേതാവ് വിഎസ്സ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസ്സായിരുന്നു. വിഎസിന്റെ മരണത്തോടെ, സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരുന്ന അവസാനത്തെയാളും ഓർമയായി. പോരാട്ടത്തിന്റെ മറുപേരായ വിഎസ് എന്നും സാധാരണക്കാരുടെ പ്രിയ സഖാവായിരുന്നു. കഴിഞ്ഞ 23നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവഗുരുതമാണെന്നറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവർ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചിരുന്നു.

വിഎസിന്റെ മരണത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു തലമുറയാണ് അവസാനിക്കുന്നത്. ജീവിത പ്രയാസങ്ങളുടെ കനൽവഴി താണ്ടിയാണ് വിഎസ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായത്. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വിഎസിന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വിഎസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്. ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങൾ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്.

ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നാണ് വിഎസിന്റെ ജനനം. ചെറുപ്പം മുതൽ ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയുമെല്ലാം കൂടെയുണ്ടായിരുന്നു. നാലാംവയസ്സിൽ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതോടെ പന്ത്രണ്ടാം വയസ്സിൽ ജ്യേഷ്ഠൻ ഗംഗാധരന്റെ തയ്യൽക്കടയിൽ സഹായിയായി. പിന്നീട് ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായ വിഎസ് 1939 ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു; സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി.

1940 ൽ 17-ാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വിഎസ് പിന്നീട് സിപിഎം കെട്ടിപ്പടുക്കുന്നതിലും അതിനെ വലിയ രാഷ്ട്രീയ ശക്തിയാക്കി ഉയർത്തിയെടുക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. 1964 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച 32 പേരിൽ ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏക നേതാവായിരുന്നു വിഎസ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും ഉയർന്നു. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും കയർത്തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നൽകുന്നതിനും തന്റെ കൗമാരവും യൗവ്വനവും അദ്ദേഹം ഉപയോഗിച്ചു.

പുന്നപ്ര വയലാർ സമര ഘട്ടത്തിൽ തന്നെ ശ്രദ്ധേയനായിരുന്നു വി എസ്. ആ കാലത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിച്ചു നിർത്തുന്ന വിലപ്പെട്ട കണ്ണിയാണ് ആ ജീവിതം. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം തീവ്രമായ സമരോത്സുകത പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം അടക്കമുള്ള മേഖലകളിൽ ആ സമരോത്സുകത പടർന്നു.തന്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. തൊഴിലാളി പ്രസ്ഥാനങ്ങൾക്കും പുരോഗമന പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും വലിയ നഷ്ടമാണ് വിഎസിന്റെ മരണത്തിലൂടെയുണ്ടാകുന്നത്.

വിഎസ് അച്യുതാനന്ദൻ: ജീവിതരേഖ

ജനനം: 1923 ഒക്‌ടോബർ 20

അച്‌ഛൻ: നോർത്ത് പുന്നപ്ര വെന്തലത്തറ വീട്ടിൽ ശങ്കരൻ.

അമ്മ: അക്കമ്മ.

വിദ്യാഭ്യാസം: പറവൂർ, കളർകോട്, പുന്നപ്ര സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെ.

നാലാംവയസ്സിൽ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചു.

പന്ത്രണ്ടാം വയസ്സിൽ ജ്യേഷ്ഠൻ ഗംഗാധരൻറെ ഒപ്പം തയ്യൽക്കടയിൽ സഹായിയായി.

ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി.

1939 ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു സ്വതന്ത്ര്യസമരത്തിൻറെ ഭാഗമായി.

1940 ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗം.

1946 ഒക്ടോബർ 28 ന് പുന്നപ്ര-വയലാർ സമരത്തിൻറെ ഭാഗമായി പൊലീസിന്റെ പിടിയിലായി. പൂഞ്ഞാർ ലോക്കപ്പിൽ കൊടിയ മർദനം ഏറ്റു. മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ടു.

1952ൽ പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.

1956 മുതൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി

1957 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.

1958 ൽ പാർട്ടിയുടെ കേന്ദ്രസമിതി അംഗം.

1963 ൽ ചൈനീസ് ചാരൻ എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വർഷം നീണ്ട ജയിൽവാസം.

1964 ൽ പാർട്ടി നേതൃത്വത്തോട് കലഹിച്ച് ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളിൽ ഒരാളായി.

1965 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽനിന്ന് ആദ്യമായി സ്ഥാനാർഥിയായി. കോൺഗ്രസിലെ കെ.കൃഷ്ണക്കുറുപ്പിനോടു തോറ്റു.

1967 ലെ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥി എ.അച്യുതനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.

1970 ൽ അമ്പലപ്പുഴയിൽനിന്നു നിയമസഭയിലേക്ക് തെരിഞ്ഞെടുക്കപ്പെട്ടു. ആർഎസ്പിയുടെ കുമാരപിള്ളയെയാണ് തോൽപിച്ചത്.

1975 ൽ അടിയന്തരാവസ്ഥയെ തുടർന്ന് 20 മാസം ജയിൽ വാസം.

1977 ലെ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ ആർഎസ്പിയുടെ കുമാരപിള്ളയോടു പരാജയപ്പെട്ടു.

1980 മുതൽ 1992 വരെ തുടർച്ചയായി സിപിഎം സംസ്ഥാന സെക്രട്ടറി. 1985 ൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം. 1991 ൽ മാരാരിക്കുളത്ത് മത്സരിച്ചു. കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്ക് തോൽപിച്ചുകൊണ്ടായിരുന്നു വിഎസിൻറെ പാർലമെൻററി രംഗത്തേക്കുള്ള തിരിച്ചുവരവ്. 1996 ലെ തെരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് പരാജയപ്പെട്ടു. 2001 ൽ മലമ്പുഴ മണ്ഡലത്തിൽനിന്ന് വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി. 2006 ൽ മലമ്പുഴയിൽനിന്ന് 20,017 വോട്ടിൻറെ ഭൂരിപക്ഷത്തോടെ വിഎസ് അച്യുതാനന്ദൻ കേരളത്തിൻറെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി. 2011 ലും 2016 ലും വിഎസിൻറെ മണ്ഡലം മലമ്പുഴ തന്നെയായിരുന്നു. ഇരുവട്ടവും മണ്ഡലത്തിലെ വോട്ടർമാർ അദ്ദേഹത്തെ പിന്തുണച്ചു. 2011-2016 ൽ പ്രതിപക്ഷ നേതാവായി. 2016 ഓഗസ്റ്റ് 9 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ. ദേശാഭിമാനിയുടെ പത്രാധിപരായി ഏഴു വർഷം പ്രവർത്തിച്ചു. മാർക്സിസ്റ്റ് സൈദ്ധാന്തിക പ്രസിദ്ധീകരണമായിരുന്ന ചിന്തയുടെ പത്രാധിപരായിരുന്നു ദീർഘകാലം. ഭാര്യ: വസുമതി. മക്കൾ: ഡോ. വി.വി. ആശ, വി.എ. അരുൺകുമാർ

Leave a Reply