ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറിപ്പോയെന്ന ആരോപണത്തിൽ പ്രതികരിച്ച് ഇന്ത്യ. കുടുംബാംഗങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് യുകെ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
തങ്ങൾക്ക് ലഭിച്ച മൃതദേഹം മാറിപ്പോയെന്ന് ആരോപിച്ച് അപകടത്തിൽ മരിച്ച രണ്ടുപേരുടെ കുടുംബമാണ് രംഗത്തെത്തിയത്. ഇതിനുപിന്നാലെയാണ് വിദേശകാര്യ വക്താവിൻറെ പ്രതികരണം. പ്രധാനമന്ത്രിയുടെ യുകെ സന്ദർശനത്തിൻറെ കൂടി പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട നിമിഷം മുതൽ യുകെ അധികൃതരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയാണ്. ദാരുണമായ അപകടത്തിന് പിന്നാലെ തന്നെ പതിവ് പ്രോട്ടോക്കോളുകളും സാങ്കേതികതയും അനുസരിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
മൃതദേഹാവശിഷ്ടങ്ങൾ കൈകാര്യം ചെയ്തത് വളരെയധികം പ്രോഫഷണലിസത്തോടെയും മരിച്ചവരോടുള്ള വലിയ ആദരവോടെയുമാണെന്ന് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.



