ന്യൂഡൽഹി: സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് നൽകിയ രഹസ്യപരാതിയടക്കം രേഖയായി സമർപ്പിച്ച് ലണ്ടനിലെ പാർട്ടിയംഗം രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ടക്കേസ് സെപ്റ്റംബർ ഒന്നിന് ഡൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ചെന്നൈയിലെ മലയാളി വ്യവസായി ബി. മുഹമ്മദ് ഷർഷാദിനും വാർത്ത നൽകിയ മാധ്യമസ്ഥാപനങ്ങൾക്കും ഗൂഗിൾ, മെറ്റ എന്നിവയ്ക്കുമെതിരായാണ് രാജേഷിന്റെ ഹർജി.
10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്. തനിക്കെതിരായ വാർത്തകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽനിന്ന് പിൻവലിക്കാൻ നിർദേശിക്കണമെന്നും ഭാവിയിൽ അപകീർത്തികരമായ വാർത്തകൾ നൽകുന്നത് വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പിബി അംഗമായ അശോക് ധാവ്‌ളെക്ക് ഷർഷാദ് നൽകിയ രഹസ്യപരാതിയുടെ പകർപ്പിനൊപ്പം രാജേഷിനെതിരായ ഷർഷാദിന്റെ സാമൂഹികമാധ്യമ പോസ്റ്റുകളും മാധ്യമവാർത്തകളുടെ വിവരങ്ങളും ഹർജിക്കൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മധുര പാർട്ടി കോൺഗ്രസിൽനിന്ന് സിപിഎം തന്നെ പുറത്താക്കിയെന്ന വാർത്തകൾ ശരിയല്ലെന്നും ഹർജിയിൽ പറയുന്നു.
പാർട്ടി കോൺഗ്രസിനുശേഷം മേയ് 16-നാണ് രാജേഷ് കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകിയത്. ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതിയംഗമായ അഭിഭാഷകൻ ജോജോ ജോസ് മുഖേനയാണ് കോടതിയെ സമീപിച്ചത്. ഡൽഹിയിലെ സിപിഎം ആസ്ഥാനത്തെ പൊളിറ്റ് ബ്യൂറോയിലേക്കാണ് ഷർഷാദ് കത്തയച്ചിരിക്കുന്നത് എന്നതിനാലാണ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നതെന്നും അപകീർത്തികരമായ വാർത്തകൾ മാധ്യമങ്ങളിലൂടെ ഡൽഹിയിലും ലഭ്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
കേസ് ജൂലായ് 17-ന് കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല. ഓഗസ്റ്റ് 13-നാണ് ആദ്യമായി പരിഗണിച്ചത്. അന്ന് എതിർകക്ഷികൾ നിലപാടറിയിക്കാൻ സമയം തേടിയതോടെ, ഹർജി സെപ്റ്റംബർ ഒന്നിലേക്ക് മാറ്റുകയായിരുന്നു.



