യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ആരോപണത്തിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോട് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാൻ നിർദേശിച്ചിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞത്. രാഹുലിനെതിരെ തനിക്ക് രേഖാമൂലമോ വാക്കാലോ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം വന്നത്.
‘അദ്ദേഹത്തിന്റെ നിലപാട് കൊണ്ട് പാർട്ടി പ്രവർത്തകർക്ക് യാതൊരു പ്രയാസവുമുണ്ടാകാൻ പാടില്ലയെന്ന ധാരണയുടെ അടിസ്ഥാനത്തിൽ രാജി വെച്ചുവെന്ന് മാധ്യമങ്ങളുടെ മുമ്പിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ് ഞാനും മനസിലാക്കിയത്. നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി രാഹുൽ സ്വയം എടുത്ത തീരുമാനമാണ്’, സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം ആരോപണങ്ങളിൽ പാർട്ടി രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. ഇതുവരെയും തനിക്കെതിരെ ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. അത്തരത്തിൽ പരാതി വന്നാൽ നീതിന്യായ സംവിധാനത്തിൽ നിരപരാധിത്വം തെളിയിക്കും എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.
ആരോപണത്തിൽ ഹൂ കെയേഴ്സ് പ്രതികരണത്തിന് ശേഷം ആദ്യമായായിരുന്നു വിഷയത്തിൽ രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ മാധ്യമപ്രവർത്തകരോടുള്ള പ്രതികരണത്തിന്റെ ആദ്യഭാഗങ്ങളിൽ രാജിവെച്ചില്ലെന്ന് പറഞ്ഞ രാഹുൽ ഒടുവിൽ രാജി പ്രഖ്യാപിക്കുകയായിരുന്നു.



