ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ പാസാക്കി രാജ്യസഭ. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് ബിൽ രാജ്യസഭ പാസാക്കിയത്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ പാസാക്കിയ ബിൽ ബുധനാഴ്ച ലോക്സഭ പാസാക്കിയിരുന്നു. തുടർന്ന് വ്യാഴാഴ്ച രാജ്യസഭയും ബിൽ പാസാക്കുകയായിരുന്നു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ബിൽ നിയമമാവും.
വർധിച്ചുവരുന്ന ആസക്തി, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയുള്ള കരട് നിയമം – ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ ഈ ബിൽ പാസാക്കിയിരുന്നു. ബിൽ പ്രാബല്യത്തിൽ വരുന്നതോടെ പണത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ ഗെയിമിങ് ഇടപാടുകളും സർക്കാർ നിരോധിക്കും. അതിവേഗം വളരുന്ന ഡിജിറ്റൽ ഗെയിമിങ് മേഖലയെ നിയന്ത്രിക്കുന്നതിനും ഓൺലൈൻ വാതുവെപ്പ് നിർത്തലാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ബിൽ.
ബില്ലിൽ നിഷ്‌കർഷിക്കുന്നതനുസരിച്ച് തത്സമയം പണം വച്ചുള്ള ഓൺലൈൻ ഗെയിമുകൾക്കായി പണം കൈമാറുന്നതിനോ പ്രോസസ് ചെയ്യുന്നതിനോ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും അനുവാദമുണ്ടാകില്ല.
ഗെയിമിങ്ങിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പൂർണമായും നിരോധിക്കും. ഇ-സ്‌പോർട്‌സിനെ പ്രോത്സാഹിപ്പിക്കുന്നതും നിരോധിക്കും. രജിസ്റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ബില്ലിലുണ്ട്. 2023 ഒക്‌റ്റോബറിൽ സർക്കാർ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിൽ 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതു മുതൽ അവ സൂക്ഷമ പരിശോധനയ്ക്കു വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. 2024-25 സാമ്പത്തിക വർഷം മുതൽ ഓൺലൈൻ ഗെയിമുകളിൽ നിന്നുള്ള വിജയികൾക്ക് 30 ശതമാനം നികുതി ചുമത്തുന്നുണ്ട്. കൂടാതെ ഓഫ്‌ഷോർ ഗെയിമിങ് ഓപ്പറേറ്റർമാരെ ഇന്ത്യൻ നികുതി പരിധിയിൽ കൊണ്ടുവരികയും ചെയ്തു.
2023 ഡിസംബറിൽ ഭാരതീയ ന്യായ സംഹിതയ്ക്കു കീഴിലുള്ള പുതിയ ക്രിമിനൽ വ്യവസ്ഥകൾ പ്രകാരം അനധികൃത വാതുവെപ്പ് ക്രിമിനൽ കുറ്റമാക്കി. ഇത് പ്രകാരം ഏഴ് വർഷം വരെ തടവും കനത്ത പിഴയും ലഭിക്കാവുന്ന കുറ്റമാക്കുകയും ചെയ്തു.
ഓൺലൈൻ ഗെയിമിങ് മേഖലയുടെ നോഡൽ റെഗുലേറ്ററായി ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തെ അധികാരപ്പെടുത്താൻ ബിൽ നിഷ്‌കർഷിക്കുന്നു. ഗെയിമിങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഏതൊരു വെബ്‌സൈറ്റും തടയാനുള്ള അധികാരവും അധികാരികൾക്ക് നൽകുന്നുണ്ട്.



