കരൂർ ദുരന്തം; വിജയ്ക്ക് ഇന്ന് നിർണായകം, ഹർജികൾ കോടതിയിൽ

ചെന്നൈ: 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തം സംബന്ധിച്ച തുടർ നടപടികളിൽ ഇന്ന് നിർണായക ദിനം. ടിവികെ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കാനിടയായ സംഭവത്തിൽ നടനും പാർട്ടി…

ചെന്നൈ: 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തം സംബന്ധിച്ച തുടർ നടപടികളിൽ ഇന്ന് നിർണായക ദിനം. ടിവികെ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കാനിടയായ സംഭവത്തിൽ നടനും പാർട്ടി മേധാവിയുമായി വിജയ്ക്ക് എതിരായ ഹർജിയും, അപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. കരൂർ ദുരന്തത്തിൽ പൂർണ ഉത്തരവാദിത്വം ടിവികെ എന്ന പാർട്ടിക്കും വിജയ്ക്കും ആണെന്നാണ് ഒരു ഹർജിയിലെ ആരോപണം. പി എച്ച് ദിനേശ് എന്നയാളാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

അതിനിടെ, കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിജയ്ക്ക് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. 41 പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിജയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക, സാമുഹിക പ്രവർത്തരുടെ കൂട്ടായ്മ രംഗത്തെത്തി. എഴുത്തുകാർ, കവികൾ, ചിന്തകർ, ആക്ടിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ എന്നിവരുൾപ്പെട്ട കൂട്ടായ്മയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. 300 പേർ ഒപ്പുവച്ച സംയുക്ത പ്രസ്താവനയും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കി.

വിജയ് പങ്കെടുത്ത മുൻ പരിപാടികളിൽ ഉൾപ്പെടെ ഉണ്ടായ സംഭവങ്ങളുമായും കരൂരിൽ ഉണ്ടായ സുരക്ഷാ, ഭരണ സംവിധാനങ്ങളിലെ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. ടിവികെ പരിപാടികളിൽ ആളുകൾക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. ഭക്ഷണമോ വെള്ളമോ ടോയ്ലറ്റ് സൗകര്യങ്ങളോ ഇല്ലാതെ ആളുകൾക്ക് ഏഴ് മണിക്കൂറിലധികം കാത്തിരിക്കേണ്ടിവന്നു. വിജയ് സഞ്ചരിച്ച വാഹനത്തെ പിന്തുടരാൻ നിർബന്ധതരായി എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

കരൂർ ദുരന്തത്തെ തുടർന്ന് ടിവികെ പ്രവർത്തകരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റാലിയുടെ സംഘാടകരിൽ ഒരാളായ ടിവികെ ജില്ലാ സെക്രട്ടറി മതിയഴകൻ, റാലിയുടെ അനുമതി അപേക്ഷയിൽ ഒപ്പിട്ട ടിവികെ നേതാവ് പൗൻ രാജ് എന്നിവരാണ് അറസ്റ്റിലായത്.

Leave a Reply