‘ദൈവമാണ് എന്നെ കൊണ്ടത് ചെയ്യിച്ചത്. ഞാൻ മാപ്പ് പറയില്ല’; ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ

  ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിസ്ഥാനത്തുള്ള അഭിഭാഷകൻ. ദൈവമാണ് തന്നേക്കൊണ്ട് അത് ചെയ്യിച്ചതെന്ന് അഡ്വ. രാകേഷ് കിഷോർ വാർത്താ ഏജൻസിയോട്…

 

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിസ്ഥാനത്തുള്ള അഭിഭാഷകൻ. ദൈവമാണ് തന്നേക്കൊണ്ട് അത് ചെയ്യിച്ചതെന്ന് അഡ്വ. രാകേഷ് കിഷോർ വാർത്താ ഏജൻസിയോട് പറഞ്ഞു.

“ദൈവമാണ് എന്നെ കൊണ്ടത് ചെയ്യിച്ചത്. ഞാൻ മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ ഉദ്ദേശിക്കുന്നില്ല. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല”, രാകേഷ് കിഷോർ പ്രതികരിച്ചു. താൻ ജുഡീഷ്യറിയെ വളരെയധികം ബഹുമാനിക്കുന്നു. ചീഫ് ജസ്റ്റിസ് ആരുതന്നെയായാലും അദ്ദേഹത്തെയും ബഹുമാനിക്കുന്നു’, രാകേഷ് കിഷോർ വ്യക്തമാക്കി.

മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനർനിർമിക്കുന്നതുമായി ബന്ധപ്പെട്ട കേസിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശങ്ങൾ തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും രാകേഷ് കിഷോർ പറഞ്ഞു.

തിങ്കളാഴ്ചയാണ് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമമുണ്ടായത്. അഭിഭാഷകരുടെ മെൻഷനിങ് (കേസുകൾ വേഗം പരിഗണിക്കണമെന്ന് അഭ്യർഥിക്കൽ) നടക്കുന്നതിനിടെയായിരുന്നു സംഭവം. ജസ്റ്റിസ് കെ.വിനോദ്ചന്ദ്രൻ കൂടി ഉൾപ്പെട്ട ബെഞ്ചിനുനേരെയാണ് അഡ്വ.രാകേഷ് കിഷോറിന്റെ അതിക്രമമുണ്ടായത്. സനാതനധർമത്തെ അവഹേളിച്ചാൽ പൊറുക്കില്ലെന്ന മുദ്രാവാക്യവും രാകേഷ് കിഷോർ മുഴക്കിയിരുന്നു. സുരക്ഷാ ജീവനക്കാരെത്തിയാണ് രാകേഷിനെ പുറത്താക്കിയത്. ഇതുമൂലം കോടതിനടപടികൾ അൽപ്പസമയത്തേക്ക് തടസ്സപ്പെടുകയും ചെയ്തു. തങ്ങളുടെ ശ്രദ്ധ ഇത്തരം സന്ദർഭങ്ങളിൽ നഷ്ടപ്പെടാറില്ലെന്ന് ചീഫ് ജസ്റ്റിസ് കോടതി നടപടികൾ പുനരാരംഭിച്ചുകൊണ്ടുപറഞ്ഞു.

സംഭവത്തെത്തുടർന്ന് ഡൽഹിയിലെ മയുർ വിഹാർ സ്വദേശിയായ രാകേഷിനെ മൂന്ന് മണിക്കൂറോളം ഡൽഹി പോലീസ് ചോദ്യം ചെയ്തിരുന്നു. പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ രണ്ട് മണിയോടെ ഇയാളെ വിട്ടയച്ചു. സംഭവത്തിൽ വിവിധ രാഷ്ട്രീയപാർട്ടികളും അഭിഭാഷക സംഘടനകളും ശക്തമായി പ്രതിഷേധിച്ചു. അഡ്വ.രാകേഷ് കിഷോറിനെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സസ്‌പെൻഡ് ചെയ്യുകയും കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നത് വിലക്കുകയും ചെയ്തു. ചീഫ് ജസ്റ്റിനുനേരെ നടന്ന അതിക്രമത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസ് കാണിച്ച സംയമനത്തെ പുകഴ്ത്തുകയും ചെയ്തു.

Leave a Reply