സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം കേരളത്തില്‍ വരുന്നതിന് തടസ്സമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ. സ്റ്റേഡിയം നവീകരണത്തിന് സ്പോണ്‍സറും സർക്കാർ തമ്മില്‍ കരാറുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല.
സ്റ്റേഡിയത്തിന്റെ നിർമ്മാണം വേഗത്തില്‍ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും നവംബറില്‍ തന്നെ അർജന്റീന ടീമിനെ കൊണ്ടുവരാൻ പരിശ്രമം തുടരുന്നുണ്ടെന്നും വി.അബ്ദുറഹ്മാൻ പറഞ്ഞു.സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് കായികമന്ത്രി പ്രതികരിച്ചത്.
‘ഫിഫയുടെ അപ്രൂവലുമായി ബന്ധപ്പെട്ട് പ്രശ്നം നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിച്ചാല്‍ നവംബറില്‍ കളിക്കും, അല്ലാത്തപക്ഷം അടുത്ത വിൻഡോയില്‍ ടീം കേരളത്തില്‍ കളിക്കും. അതില്‍ എന്താണിത്ര തെറ്റ്?മാധ്യമങ്ങള്‍ക്ക് ആവശ്യമുള്ള മറുപടി പറയലല്ല തന്റെ ജോലി.’ മന്ത്രി പറഞ്ഞു.



