ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐസിയുവില്‍. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ബാക്ക്വേര്‍ഡ് പോയിന്റില്‍ നിന്ന് പിന്നിലേക്ക് ഓടി ക്യാച്ച് എടുക്കുന്നതിനിടെ വീണ അയ്യറുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പരിക്കേറ്റതിനെ തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്രേയസ് ഐസിയുവില്‍ ആയിരുന്നു. ആന്തരിക രക്തസ്രാവം കണ്ടെത്തി, അദ്ദേഹത്തെ ഉടന്‍ തന്നെ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. രക്തസ്രാവം മൂലം അണുബാധ ഉണ്ടാവാതിരിക്കാന്‍ സുഖംപ്രാപിക്കുന്നത് അനുസരിച്ച് രണ്ട് മുതല്‍ ഏഴ് ദിവസം വരെ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും.’- ബന്ധപ്പെട്ടവര്‍ പിടിഐയോട് പറഞ്ഞു.
‘ടീം ഡോക്ടറും ഫിസിയോയും ഒന്നിനും കാത്തുനില്‍ക്കാതെ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. പക്ഷേ ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കിയിരുന്നില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ വഷളാവുമായിരുന്നു. അവന്‍ ഒരു കരുത്തനായ വ്യക്തിയാണ്, ഉടന്‍ തന്നെ സുഖം പ്രാപിക്കും,’- ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.തുടക്കത്തില്‍, അയ്യര്‍ ഏകദേശം മൂന്ന് ആഴ്ച കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ സുഖംപ്രാപിക്കാനുള്ള കാലയളവ് ദീര്‍ഘിക്കാനാണ് സാധ്യത.



