ശബരിമല സ്വർണക്കൊള്ളയില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം സ്വർണം വാങ്ങിയ കല്‍പേഷിനെ കണ്ടെത്തി. ജ്വല്ലറി ഉടമയുടെ നിര്‍ദേശപ്രകാരമാണ് സ്മാര്‍ട്ട് ക്രിയേഷൻസില്‍ നിന്ന് സ്വര്‍ണം വാങ്ങിയത് എന്ന് കല്‍പേഷ്.ഉടമയുടെ നിര്‍ദേശം അനുസരിച്ച് താന്‍ പല സ്ഥലങ്ങളില്‍ നിന്ന് സ്വര്‍ണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റു സ്ഥലങ്ങളില്‍ എത്തിക്കാറുണ്ടെന്ന് കല്‍പേഷ് പറയുന്നു.
31 വയസ്സുകാരനായ കല്‍പേഷ് രാജസ്ഥാന്‍ സ്വദേശിയാണ്. 13 വര്‍ഷമായി ചെന്നൈയിലെ സ്വര്‍ണക്കടയില്‍ ജോലി ചെയ്തുവരികയാണ്. ജെയിന്‍ എന്നയാളാണ് കല്‍പേഷ് ജോലി ചെയ്യുന്ന സ്വര്‍ണക്കടയുടെ ഉടമ. ശബരിമലയിലെ കട്ടിള കൊണ്ടുപോയി സ്വർണം എടുത്ത കേസില്‍ രണ്ടാം പ്രതിയാണ് കല്‍പേഷ്. ഉണ്ണികൃണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതി ചേർത്തത്.
തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ല എന്നാണ് ഇയാളുടെ വാദം. കേസില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടുതല്‍ ഇടങ്ങളില്‍ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണസംഘം നീക്കം തുടങ്ങി. ശബരിമലയില്‍ ഉള്‍പ്പെടെ വൈകാതെ തെളിവെടുപ്പ് നടത്തിയേക്കും. ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.



