തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ലീഡ് നിലകളില്‍ ഇടം പിടിച്ച് എന്‍ഡിഎ. ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിച്ച തിരുവനന്തപുരത്ത് വോട്ടണെണ്ണല് അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ എന്‍ഡിഎ ഒന്നാം സ്ഥാനത്ത് എത്തി.
എട്ടുമണിക്ക് തുടങ്ങിയ വോട്ടണ്ണെല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നൂറ് സീറ്റുകളുള്ള കോര്പറേഷന് എന്‍ഡിഎ മുന്നേറ്റം രണ്ടക്കം പിന്നിട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ അസാധാരണമാം വിധത്തിലാണ് സംസ്ഥാനത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎ ലീഡ് നിലകളില്‍ സാന്നിധ്യം അറിയിക്കുന്നത്.
പാലക്കാട് ജില്ലയിലെ രണ്ട് നഗരസഭകളിലും ബിജെപി മുന്നേറ്റം നേടി. ബിജെപി ഭരിക്കുന്ന പാലക്കാട് എന്‍ഡിഎ മുന്നേറ്റം നിലനിര്‍ത്തിയപ്പോള്‍ ഷൊറണൂര്‍ നഗരസഭയിലും ആദ്യഘട്ടത്തില്‍ ബിജെപി ലീഡ് നേടി.
കോഴിക്കോട് കോര്‍പറേഷനിലെ നാല് സീറ്റുകള്‍ ഉള്‍പ്പെടെ ഗ്രാമ പഞ്ചായത്തുകളില്‍ 16 വാര്‍ഡുകളിലും നഗര സഭകളില്‍ 22 ഡിവിഷനുകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി വിജയം നേടി. കോര്‍പറേഷനുകള്‍, നഗര സഭകള്‍, പഞ്ചായത്തുകള്‍ എന്നിവയിലെല്ലാം ബിജെപി വ്യക്തമായ ഇടം നേടുന്ന നിലയിലാണ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍.



