തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരുവനന്തപുരം എം.പി. ശശി തരൂർ രംഗത്തെത്തി. തദ്ദേശ സ്ഥാപനങ്ങളിലായി യു.ഡി.എഫ്. നേടിയ മികച്ച വിജയത്തിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു. സംസ്ഥാനത്തിൻ്റെ ജനാധിപത്യപരമായ വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു.
തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി.യുടെ ചരിത്രപരമായ പ്രകടനത്തെയും ശശി തരൂർ പ്രശംസിച്ചു. “തിരുവനന്തപുരം കോർപ്പറേഷനിലെ സുപ്രധാനമായ വിജയത്തിൽ ബി.ജെ.പി.ക്ക് വിനയത്തോടെയുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു. തലസ്ഥാനത്തെ രാഷ്ട്രീയ ഭൂമികയിലെ ശ്രദ്ധേയമായ മാറ്റമാണ് ഇത് അടയാളപ്പെടുത്തുന്നത്,” അദ്ദേഹം പറഞ്ഞു.
45 വർഷത്തെ എൽ.ഡി.എഫ്. ഭരണത്തിലെ തെറ്റായ നയങ്ങളിൽ നിന്ന് ഒരു മാറ്റത്തിനായി താൻ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ഭരണത്തിൽ വ്യക്തമായ മാറ്റം തേടിയ മറ്റൊരു പാർട്ടിക്കാണ് വോട്ടർമാർ പ്രതിഫലം നൽകിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



