കോഴിക്കോട്: സ്കൂളുകളിൽ ലഹരിവിരുദ്ധ ക്യാംപെയ്ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാൻസ് പദ്ധതിക്കെതിരെ വിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി.
അൽപ്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബ എന്നും വലിയ കുട്ടികൾ പോലും അങ്ങനെ ചെയ്യണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിൽ അത് പ്രതിഷേധാർഹമാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നിലവിലുളള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിന് പകരം ആഭാസങ്ങളെ നിർബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലർന്ന് ആടിപ്പാടാനും ധാർമ്മികബോധം അനുവദിക്കാത്ത വിദ്യാർത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുളള ലംഘനമാകും അത്’, നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിൽ കുറിച്ചു.
സൂംബ ഡാൻസ് പദ്ധതിക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി കെ അഷ്റഫും രംഗത്തെത്തിയിരുന്നു. കായികാധ്യാപകരെ നിയമിച്ച് കുട്ടികൾക്ക് കായിക പരിശീലനം നൽകാനുള്ള സംവിധാനത്തിന് പകരം സൂംബ പരിശീലനം നടപ്പിലാക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് ടി കെ അഷ്റഫ് പറഞ്ഞു.



