സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എംപിയായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞ്,ഒഡിഷയില്‍നിന്നുള്ള ബി.ജെ.പി. എം.പി. ഭര്‍തൃഹരി മഹ്താബിനെ പ്രോ ടേം സ്പീക്കറാക്കിയ നടപടിയില്‍ വിശദീകരണവുമായി പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു.
പരാജയമറിയാതെ ഏഴുതവണ എം.പിയായ വ്യക്തിയാണ് ഭര്‍തൃഹരി. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത് കൊടിക്കുന്നിലിന്റെ പേരാണ്.അദ്ദേഹം 2 തവണ പരാജയപ്പെട്ടു. ചട്ടങ്ങളും നിയമങ്ങളും അറിയാത്തവര്‍ക്ക് മാത്രമാണ് തെറ്റുപറ്റിയെന്ന് തോന്നുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രോ ടേം സ്പീക്കര്‍ സ്ഥാനം താത്കാലികമാണ്. സഭയുടെ നടത്തിപ്പില്‍ അവര്‍ക്ക് കാര്യമായൊന്നുംചെയ്യാനില്ല. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ മാത്രമേ അവരുടെ ചുമതലയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടിക്കുന്നിലിനെ തഴഞ്ഞതില്‍ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എട്ടുതവണ എം.പിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഏഴുതവണ എം.പിയായ ബി.ജെ.പിയുടെ ഭര്‍തൃഹരി മഹ്താബിനെ പ്രോം ടേം സ്പീക്കറായി നിയമിച്ചു. പാര്‍ലമെന്ററി മാനദണ്ഡങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം.
എന്നാൽ പാര്‍ലമെന്ററി കീഴ്വഴക്കങ്ങള് ലംഘിച്ച് പ്രോ ടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് പിണറായി വിജയന് ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാര്‍ പിന്തുടരുന്ന സവർണ രാഷ്ട്രീയമാണ് തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കുന്നവര്‍ക്ക് എന്താണ് ബിജെപിയുടെ മറുപടിയെന്ന് അദ്ദേഹം ചോദിച്ചു.



