ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
റിപ്പോര്‍ട്ട് ഇത്രയും വര്‍ഷം പൂഴ്ത്തിവെച്ചതിലൂടെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തെളിയിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കേസെടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.
എന്നാല്‍ പരാതി ലഭിച്ചാല്‍ മാത്രമെ കേസെടുക്കുയെന്ന ബാലിശമായ വാദം അപഹാസ്യമാണ്. എക്കാലവും സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎമ്മിന്റെത്. സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തികള്‍ മന്ത്രിയും എംഎല്‍എയുമായുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഗുരുതരവും ഞെട്ടിക്കുന്നതുമായ കണ്ടെത്തലുകള്‍ നടത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും വര്‍ഷം പുറത്തുവിടാതിരുന്നതും ഒടുവില്‍ പുറത്തുവന്നപ്പോള്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതും ദൂരൂഹമാണെന്നും സുധാകരന്‍ പറഞ്ഞു.



