മിഷേൽ ബാർണിയർ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയ ഇടതുസഖ്യത്തെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാതെ മാക്രോൺ തഴയുകയായിരുന്നു. തീവ്രവലതുപക്ഷത്തെ അധികാരത്തിൽ നിന്നും അകറ്റിനിർത്തും എന്ന് പറഞ്ഞ മാക്രോൺ വോട്ടർമാരെ വഞ്ചിച്ചെന്ന് ഇടതുസഖ്യവും പ്രതികരിച്ചു.
ബ്രക്സിറ്റ് മധ്യസ്ഥനും എൽ ആർ പാർട്ടി നേതാവുമാണ് മിഷേൽ ബാർണിയർ. ആർക്കും ഭൂരിപക്ഷമില്ലാത്ത നാഷണൽ അസംബ്ലിയെയാണ് 73കാരനായ ബാർണിയർക്ക് നയിക്കേണ്ടി വരിക. നാല് തവണ കാബിനറ്റ് മന്ത്രിയും രണ്ട് തവണ യൂറോപ്യൻ യൂണിയൻ കമ്മീഷണറായും പ്രവർത്തിച്ചിട്ടുള്ള ബാർണിയർ 1958-നുശേഷം ഫ്രഞ്ച് പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ്.



