കൊച്ചി: സംവിധായകന്‍ ജോഷിയുടെ കൊച്ചിയിലെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതിയെ ഉഡുപ്പിയിൽ നിന്ന് പൊലീസ് പിടികൂടി. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് പിടിയിലായത്. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നു മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ പിടിയിലായത്.
കര്‍ണാടക പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഒരുകോടി വിലവരുന്ന സ്വര്‍ണ-വജ്രാഭരണങ്ങള്‍ ഇയാളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ വൈകാതെ തന്നെ കൊച്ചിയിലേക്കു കൊണ്ടുവരും. ഇയാൾ മുംബൈയിൽനിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ച് കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് സൂചന. കൊച്ചിയിൽ എത്തി മോഷണം നടത്താൻ ഇയാൾക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നും പോലീസ് അന്വേഷിക്കും. 12 സംസ്ഥാനങ്ങളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇര്‍ഫാന്‍ എന്നാണ് സൂചന.