ബിഹാറിലെ പട്‌നയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ആറു മരണം 30 പേര്‍ക്ക് പൊള്ളലേറ്റു. പട്‌ന റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തെത്തുടർന്ന് എട്ടോളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. രണ്ടുമണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഹോട്ടലിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടം ഉണ്ടായത്. ഹോട്ടലില്‍ സുരക്ഷാ നിയമങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.
അപകടത്തിൽ പെട്ടവരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ശക്തമായ കാറ്റിൽ നിരവധി വാഹനങ്ങൾ കത്തി നശിച്ചതായും അഗ്നി ശമനാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 11 മണിയോടുകൂടിയാണ് അപകടം ഉണ്ടായതെന്നും അപകടത്തിൽ മരിച്ചവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ രാജീവ് മിശ്ര അറിയിച്ചു.



