ഡൽഹിയിൽ 50 ൽ അധികം സ്‌കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. സ്കൂളുകളിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. റഷ്യയിലെ ഒരു സെർവറിൽ നിന്നാണ് ഇമെയിൽ അയച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സ്കൂളുകളില്‍ നിന്ന് കുട്ടികളെയെല്ലാം ഒഴിപ്പിച്ചിരുന്നു. ചാണക്യപുരിയിലെ സംസ്കൃത സ്കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ദില്ലി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് പുലർച്ചെ ഇ മെയിൽ സന്ദേശം വഴി ബോംബ് ഭീഷണി എത്തിയത്. പിന്നാലെ അമ്പതോളം സ്‌കൂളുകൾക്കും സമാനമായ മെയിലുകൾ ലഭിച്ചതായി വിവരം പുറത്തുവരുന്നത്.
ബോംബ് സ്‌ക്വാഡ് , അഗ്‌നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെ സന്ദേശം വ്യാജമെന്ന് പോലീസ് വ്യക്തമാക്കി. എന്നിരുന്നാലും സ്കൂളുകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.