പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ഇന്നലെ ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾ പിറന്നത് ഉമയുടെ ശബ്ദത്തിലായിരുന്നു.
പഠിക്കുമ്പോൾ തന്നെ രമണൻ പഴനി വിജയലക്ഷ്മിയുടെ കീഴിൽ ശാസ്ത്രീയ സംഗീത പരിശീലനം നേടി. നിരവധി ഇൻ്റർ-കോളീജിയറ്റ് മത്സരങ്ങളിൽ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങളും അംഗീകാരങ്ങളും നേടുകയും ചെയ്തു. പത്മ സുബ്രഹ്മണ്യത്തിൻ്റെ കീഴിൽ പരിശീലനം നേടിയ ഒരു നർത്തകി കൂടിയായിരുന്നു ഉമാ രമണൻ.
1977ൽ ‘ശ്രീകൃഷ്ണലീല’ എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്കു പ്രവേശിക്കുന്നത്. നടൻ വിജയ്‌യുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി മണി ശർമ സംഗീതം നൽകിയ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ഗാനമാണ് ഉമ അവസാനമായി പാടിയത്.
ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പാടിയത് ഉമയായിരുന്നു.’ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൊൻ മാനേ’, ‘ആനന്ദരാഗം കേൾക്കും കാലം’ തുടങ്ങിയവ ഉമ പാടിയ ഹിറ്റ് ഗാനങ്ങളിൽ ചിലതാണ്.
ലളിതഗാന ട്രൂപ്പായ മുസീഷ്യാനോയുടെ സ്ഥാപകനും ഗായകനുമായ എ വി രമണൻ ആണ് ഭർത്താവ്. മകൻ വിഗ്നേഷ് രമണൻ.



