വരുംദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത. വ്യാപക മഴ ലഭിച്ചില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയും പലയിടങ്ങളിൽ മഴ ലഭിച്ചിരുന്നു.
മെയ് 13 തിങ്കളാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും അതിനൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ വിവിധയിടങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച വയനാട്ടിലുമാണ് യെല്ലോ അലേർട്ട്. ഇന്നലെ മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ടായിരുന്നു.
മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.