കണ്ണൂർ: പ്രണയപകയിൽ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം. മാനന്തേരി കളത്തിൽ ഹൗസിൽ ശ്യാംജിത് (25) ഐപിസി 449, 302 വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല കണ്ടെത്തിയിരുന്നു. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും, വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്ത് വർഷം തടവ് അനുഭവിക്കുകയും. രണ്ട് ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രണയം നിരസിച്ചതിന്റെ പകയില്‍ വിഷ്ണുപ്രിയയെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതി ശ്യാം ജിത്ത് കുറ്റക്കരാനാണെന്ന് കണ്ടെത്തിയിരുന്നു. വിധിയില്‍ സന്തോഷമുണ്ടെന്നും തൃപ്തികരമാണെന്നും പ്രോസിക്യൂഷന്‍ പ്രതികരിച്ചു. 2022 ഒക്ടോബർ 22നാണ് യുവതി കൊല്ലപ്പെട്ടത്.
പകല്‍ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവദിവസം രാവിലെ അമ്മയും സഹോദരിയും സമീപത്തെ ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങുകൾക്ക് പോയതിനാൽ വിഷ്ണുപ്രിയ തനിച്ചായിരുന്നു വീട്ടിൽ.
സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടു കട്ടിലിൽ ഇരുന്ന വിഷ്ണുപ്രിയയുടെ തലയിൽ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു ശേഷം ഇരുതലമുർച്ചയുള്ള കത്തികൊണ്ടു തലയറുക്കുകയും ദേഹമാസകലം കുത്തുകയും ചെയ്തു. മരിച്ച ശേഷവും പ്രതി വിഷ്ണുപ്രിയയുടെ ശരീരത്തില്‍ പത്തോളം മുറിവുകളേല്‍പ്പിച്ചതായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി. വിഷ്ണുപ്രിയയുടെ സഹോദരിക്കൊപ്പം ബികോം പഠിച്ചയാളായിരുന്നു ശ്യാംജിത്.
ഇതുവഴിയുള്ള പരിചയമാണ് സൗഹൃദമായി മാറിയത്. പിന്നീട് വിഷ്ണുപ്രിയ അടുപ്പം കാണിക്കാത്തതായിരുന്നു വിരോധത്തിന് കാരണമായിരുന്നത്. കൃത്യം നടത്തുന്നതിന്റെ രണ്ടുദിവസം മുൻപ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. തുടർന്നുള്ള അന്വേഷണത്തിൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.