മെയ് 13 ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ പോളിംഗ് നടന്ന 96 പാർലമെന്റ് മണ്ഡലങ്ങളിൽ 67.25 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായാണ് നാലാം ഘട്ടത്തിൽ പോളിംഗ് നടന്നത്.
രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് അവസാനിച്ചു. പശ്ചിമ ബംഗാളിൽ 78.37 ശതമാനവും മധ്യപ്രദേശിൽ 70.98 ശതമാനവും ജാർഖണ്ഡിൽ 65.2 ശതമാനവും ഉത്തർപ്രദേശിൽ 58.05 ശതമാനവും ബീഹാറിൽ 57.06 ശതമാനവും പോളിങ് രേഖപ്പെടുത്തി.
2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ നടക്കുന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണിത്. മെയ് 13 ന് രാത്രി 11.45 വരെ ശ്രീനഗർ സീറ്റിൽ 37.98 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1996 ന് ശേഷമുള്ള ശ്രീനഗറിലെ ഏറ്റവും ഉയർന്ന പോളിംഗാണിത്. 2019 ൽ ശ്രീനഗറിൽ 14.43 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.