ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചൊവ്വാഴ്ച വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടക്കുന്നതായി അധികൃതർ അറിയിച്ചു. രണ്ട് ഡോക്ടർമാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിൽ പ്രാക്ടീസ് ചെയ്യുന്ന ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നിവരുടെ സായ്ബാബ റോഡിലെ വീടുകളിലാണ് പരിശോധന. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.
മാർച്ച് ഒന്നിന് ഐടി സിറ്റിയിലെ കഫേയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടാക്കിയ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു, അവരിൽ ചിലർക്ക് ഗുരുതരമായി പരിക്കേറ്റു. മാർച്ച് മൂന്നിന് കേസ് ഏറ്റെടുത്ത അന്വേഷണ ഏജൻസി ഏപ്രിൽ 12ന് മുഖ്യ സൂത്രധാരൻ അദ്ബുൽ മതീൻ അഹമ്മദ് താഹ ഉൾപ്പെടെ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.