ലിസ്ബണ്‍: തെക്കൻ പോർച്ചുഗലിൽ എയർ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു. എയർ ഷോയിൽ ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെയാണ് രണ്ട് വിമാനങ്ങൾ അപകടത്തിൽ പെട്ടത്. സംഭവത്തിൽ പോർച്ചുഗീസ് വ്യോമസേന ഖേദം പ്രകടിപ്പിച്ചു.പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നു സംഭവമെന്നും അറിയിച്ചു.
വിമാനങ്ങളിലൊന്നിന്‍റെ പൈലറ്റ് മരിച്ചതായി പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്പാനിഷ് പൗരനായ പൈലറ്റാണ് കൊല്ലപ്പെട്ടത്. പോർച്ചുഗീസ് പൗരത്വമുള്ള പൈലറ്റിന് പരിക്കേറ്റു. സംഭവത്തെ തുടർന്ന് എയർ ഷോ നിർത്തിവെച്ചു. ആറ് വിമാനങ്ങൾ പറന്നുയരുകയും അവയിലൊന്ന് മറ്റൊന്നിൽ ഇടിക്കുകയും താഴെ വീഴുകയുമായിരുന്നു. ആറ് വിമാനങ്ങളും ‘യാക്ക് സ്റ്റാർസ്’ എന്ന എയറോബാറ്റിക് ഗ്രൂപ്പിന്റെ ഭാഗമാണെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവരെ ഉദ്ധരിച്ച് പോർച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.