കായംകുളം: രാത്രിയിൽ സ്കൂട്ടറിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് പോയ യുവതിയെ പിന്തുടർന്ന് വാഹനം ഇടിച്ചിട്ട് ആഭരണം കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ. നാലുകെട്ടും കവല രവിയുടെ മകൾ ആര്യ(21)യെയാണ് മറ്റൊരു സ്കൂട്ടറിൽ പിന്തുടർന്ന് വാഹനം ഇടിച്ചിട്ടശേഷം രക്ഷിക്കാനെന്ന വ്യാജേന ആഭരണങ്ങൾ കവർന്നത്. സംഭവത്തിൽ കരുവാറ്റ സ്വദേശികളായ കൊച്ചു കടത്തശ്ശേരിൽ വീട്ടിൽ പ്രജിത്ത്(35), ഭാര്യ രാജി (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മേയ് 25ന് രാത്രിയാണ് സംഭവം.രാജി പുരുഷവേഷം ധരിച്ചാണ് ആഭരണങ്ങൾ പൊട്ടിച്ചെടുത്തത്. ഇവർ മറ്റു കേസുകളിലും പ്രതികളാണ്.
ജോലി കഴിഞ്ഞ് ഒറ്റയ്ക്ക് രാത്രിയിൽ സ്കൂട്ടറിൽ വീട്ടിലേക്ക് പോയ ആര്യയെ പിന്തുടർന്ന് മുട്ടം– എൻടിപിസി റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് വാഹനം ഇടിപ്പിച്ചശേഷം രക്ഷിക്കാൻ എന്ന വ്യാജേന പ്രതികൾ യുവതിയെ എണീപ്പിച്ച ശേഷം മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു റെയിൻകോട്ട് ഇട്ടിരുന്നതിനാൽ ശ്രമം പരാജയപ്പെട്ടു. സംഭവത്തിൽ യുവതിക്ക് സംശയം തോന്നി ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ മുടിയിൽ പിടിച്ച് താഴെയിട്ട ശേഷം കാലിലെ പാദസരം വലിച്ചു പൊട്ടിച്ചു.
പെൺകുട്ടി ഓടാൻ ശ്രമിച്ചപ്പോൾ വീണ്ടും തള്ളിയിട്ട് കൈചെയിൻ, മോതിരം എന്നിവ കവരുകയും ചെയ്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പ്രതികൾ ചെളിയിൽ വലിച്ചെറിഞ്ഞു. പരാതിയെത്തുടർന്ന് കരീലക്കുളങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിൽ 9 ദിവസത്തെ ശ്രമത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. സ്വകാര്യസ്ഥാപനത്തിൽ വിറ്റ സ്വർണാഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.