കാർട്ടൂൺ ചാനൽ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാർക്ക് രക്ഷകനായി ഓട്ടോഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് സംഭവം. സ്കൂൾ വിട്ടശേഷമാണ് നാലാം ക്ലാസ്സ് വിദ്യാർത്ഥികളായ രണ്ടു കൂട്ടൂകാരുംകൂടി ഊരുചുറ്റാനിറങ്ങിയത്.
സ്വകാര്യ ബസിൽ കയറിയ രണ്ടുപേരും കറങ്ങിത്തിരിഞ്ഞ് ഒടുവിൽ ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും കൈയിലെ കാശ് മൊത്തം തീർന്നു. അളഗപ്പ പോളിടെക്നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ ഇരുവരും ഓട്ടോറിക്ഷയിൽ കയറി, സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നും കൈയിൽ പണമില്ലെന്നും പറഞ്ഞു.
പെരുമാറ്റത്തിലെ പന്തികേടു കണ്ടപ്പോൾ ഓട്ടോഡ്രൈവർ ജെയ്സണ് സംശയമായി. അപ്പോൾ തന്നെ സ്കൂൾ ഐ.ഡി. കാർഡിലെ ഫോൺ നമ്പറിൽ വിളിച്ച് വിവരം പറഞ്ഞു. ഈ സമയം കുട്ടികളെ കാണാതെ രക്ഷിതാക്കൾ സ്കൂളിലെത്തിയിരുന്നു. പിന്നീട് ജെയ്സൺ തന്നെയാണ് കുട്ടികളെ രക്ഷിതാക്കൾക്കരികിലെത്തിച്ചത്.



