കൊല്ലം: തുണിമടക്കിവയ്ക്കാന്‍ താമസിച്ചതിനെ തുടർന്ന് കൊല്ലത്ത് പത്ത് വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുണ്ടറയിലാണ് സംഭവം. കേരളപുരം സ്വദേശിയായ പിതാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെത്തി ഇയാൾ മദ്യപിക്കുന്നതിനിടെ, കട്ടിലിൽ കിടന്നിരുന്ന തുണി മടക്കിവയ്‌ക്കാൻ മകളോട് ആവശ്യപ്പെട്ടു മടക്കി വയ്‌ക്കാൻ വൈകിയതാണ് മർദ്ദനത്തിന് കാരണം.
കുട്ടിയുടെ തല കതകില്‍ പല തവണ ഇടിച്ചതായും കാലില്‍ പിടിച്ച് തറയിലേക്ക് എറിഞ്ഞതായും തോളില്‍ ഇടിച്ചതായും പത്തുവയസുകാരി പൊലീസില്‍ മൊഴി നല്‍കി. സംഭവ സമയം അമ്മ കുട്ടിയുടെ വീട്ടിലില്ലായിരുന്നു. അമ്മ ജോലിയ്ക്ക് പോയ സമയത്താണ് ക്രൂരമര്‍ദനം അരങ്ങേറിയത്. സംഭവസമയം കുട്ടിയും അനിയത്തിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇയാൾ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ വിചാരണ തുടരുകയാണ്. കൊലപാതകശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.