ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബ ഫുലരി ഗ്രാമത്തിൽ ചൊവ്വാഴ്ച നടത്തിയ സത്സംഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 121 ആയി. അപകടത്തിന് ശേഷം ഭോലെയെ കാണാനില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മരിച്ചവരിൽ ഏറെയും സ്ത്രീകളാണ്. അമ്പതിനായിരത്തിലധികം ജനങ്ങൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. അപകടത്തിൽ പരുക്കേറ്റവർ ആറോളം ആശുപത്രികളിൽ ചികിത്സയിലാണ്. മരണ സംഖ്യ ഉയരാന്‍ കാരണം ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ ആരോപണം.
പരിപാടി അവസാനിച്ചതിന് പിന്നാലെ ബാബയുടെ കാൽപ്പാദത്തിനരികിൽനിന്ന് മണ്ണ് ശേഖരിക്കാൻ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാവാൻ കാരണമായതെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. ആദ്യം വീണവരുടെ മുകളിലേക്ക് പിന്നാലെ എത്തിയവരും വീണതാണ് മരണസംഖ്യ വർധിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3.30-ഓടെയാണ് അപകടം ഉണ്ടാകുന്നത്. ഈ സമയത്ത് ഭോലെ സംഭവ സ്ഥലത്ത് നിന്ന് പോയതാണ്. പിന്നീട് ഇയാൾ തന്റെ ആശ്രമത്തിലും എത്തിയിട്ടില്ല. സൂരജ് പാല്‍ എന്നാണ് ഭോലെ ബാബയുടെ യഥാര്‍ഥ പേര്.
സ്ഥലത്ത് ഫൊറെൻസിക്, ഡോഗ് സ്ക്വാഡ് സംഘമെത്തി പരിശോധന ആരംഭിച്ചു. ഭോലെ ബാബക്കായുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.