തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ലിഫ്റ്റ് വീണ്ടും തകരാറിലായി രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി.ടി. സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സംഭവം അറിഞ്ഞ് മെഡിക്കൽ കോളേജ് പോലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഇതിനുശേഷമാണ് ഇവരെ പുറത്തെത്തിച്ചത്. ഇരുവരുടെയും ആരോഗ്യ സ്ഥിതിയില്‍ മാറ്റങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ശനിയാഴ്‌ചയും ആശുപത്രിയില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. രോഗിയായ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി രവീന്ദ്രൻ ലിഫ്‌റ്റ് തകരാറിലായി അതിനകത്ത് കുടുങ്ങിയത് 42 മണിക്കൂറാണ്. പിന്നീട് ലിഫ്റ്റ് ഓപ്പറേറ്റർ എത്തി ലിഫ്റ്റ് തുറന്നപ്പോഴാണ് രോഗി ലിഫ്റ്റിൽ കുടുങ്ങിയ വിവരം പുറത്തറിയുന്നത്. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.