വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെ കനത്ത എതിർപ്പാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്ളത്. കഴിഞ്ഞ ദിവസം കെ.പി.സി.സി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗത്തിൽ സതീശനെതിരെ രൂക്ഷവിമർശനം ഉയരുകയും പിന്നാലെ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ക്യാമ്പ് എക്സിക്യൂട്ടീവിൽ നിന്ന് അദ്ദേഹം വിട്ടു നിൽക്കുകയും ചെയ്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്‍റെ ചുമതല ഏറ്റെടുക്കില്ലെന്നാണ് വി.ഡി. സതീശൻ അറിയിച്ചിരിക്കുന്നത്. മിഷൻ ചുമതലയെ കുറിച്ച് ഇറക്കിയ സർക്കുലറിന്‍റെ പേരിലുണ്ടായ വിമർശനങ്ങളിൽ സതീശൻ എഐസിസിയെ പ്രതിഷേധം അറിയിച്ചു.